Monday, October 24, 2011

നാറാണത്ത് നിമിഷനങ്ങൾ

അമ്മൂ
നിന്നെക്കൂടാതെ,
മൃത്യുഭീതികള്‍ മുങ്ങി നിവരും സ്നാനഘട്ടങ്ങളില്‍,
ചിതകള്‍ ചിരിച്ചെരിയും വാരണാസിയില്‍,ജഡങ്ങള്‍-
പാതി കരിഞ്ഞൊഴുകും ഗംഗയില്‍
ഭക്തിബോധങ്ങള്‍ ഹിമശൈത്യമായുറയും
ബദരീനാഥി-ലളകനന്ദയില്‍
മുക്തി മന്ത്രങ്ങള്‍ സൗവര്‍ണ
മരാളങ്ങളായ്‌ പറന്നിറങ്ങും മാനസസരസ്സില്‍
അലഞ്ഞലഞ്ഞലഞ്ഞൊരു ബാംസുരിയായ്‌..
വിശപ്പില്‍,വിയര്‍പ്പില്‍ വേവലാതികളില്‍, പിന്നെ
നിന്റെ വെറുപ്പിന്റെ ശ്യാമഗലികളില്‍
പലസ്ഥായിയില്‍ പടിയഴിഞ്ഞഴിഞ്ഞഴി-
ഞ്ഞൊരു,രുളന്‍ പാറയായ്‌
രായിരനെല്ലൂര്‍ കുന്നിന്റെ നെറുകിലേയ്ക്ക്‌
ഞാനുരുണ്ടുരുണ്ടുരുണ്ടു കയറുമീ
"നാറാണത്ത്‌ നിമിഷങ്ങളില്‍ "

ഏതപൂര്‍വ വാസന്തവനാര്‍ദ്രതയില്‍
ആരുടെ കൈവിരല്‍ത്തുമ്പ്‌ പിടിച്ചാണ്‌
നിന്നിലെ രോമാഞ്ചങ്ങള്‍
അനുഭൂതി തിരഞ്ഞ്‌ നടപ്പതിപ്പോള്‍..?

പ്രണയമൊരുപഭോക്തൃത്പന്നം
ക്രയശേഷി വര്‍ദ്ധിച്ചവന്റെ കീശമിടു;ക്കറിയുന്നു ഞാന്‍
" ഞാന്‍ പാതി,യിതില്‍ നീ പാതി "
എന്നോതിയേകിയ
കുന്നിമണികള്‍ക്ക്‌
മഹാമൗന ശിശിരമിവിടെ..


ആഡംബരഹീനം,ചമയരഹിതമൊരു
സ്നേഹശാഖിവിട്ടുന്നിദ്രോന്മാദ
ചക്രവാളം തേടിയത്‌ നിന്റെ നിയോഗം.
തിരിച്ചറിവിന്റെ വിരാമത്തില്‍
പ്രണയത്തിന്റെ ശത്രു പ്രണയം മാത്രം.
നീയെന്നെ നിരാശപ്പെടുത്തിയെന്നതല്ല,
നിന്റെ പ്രണയത്തളിരിലത്തുമ്പത്തൊരു
വൈഡൂര്യമുത്തായ്ത്തിളങ്ങാൻ
ഈ ശപ്ത നീഹാര ബിന്ദു
കൊതിച്ചെന്നതേ,പാതകം

അനിശ്ചിതം,മൃത്യുവേക്കാ-
ളനുരാ-ഗാഗമ സന്ധികള്‍

ഒരു കുന്നിമണിയായ്‌
രായിരനെല്ലൂര്‍ കുന്നില്‍ നിന്ന്‌
ഞാനുരുണ്ടുരുണ്ടുരുണ്ടിറങ്ങുമീ
വേളയി-
ലാരുടെ
വിരിമാറില്‍
രതിനിര്‍വേദ
സ്വേദ ബിന്ദുവായ്‌
കിനിയുകയാണ്‌,
നീയിപ്പോള്‍

Friday, August 26, 2011

മോചനം എന്റെ ജന്മാവകാശം



ഇറോം ചാനു ശര്‍മ്മിള

( മൊഴിമാറ്റം:പ്രസീദ പത്മ )

മോചിപ്പി,ക്കെന്റെ കാലുകള്‍
കാരിരുമ്പ്‌ വളയക്കുരുക്കില്‍ നിന്ന്‌
ഈ കുടുസ്സി-ടത്തിലെന്നെ,യടയ്ക്കാന്‍
പക്ഷിയായ്പ്പിറന്നതോ എന്റെ പാതകം..?!

എന്തൊരൊച്ചയും ബഹളവുമാണീ
തടവിന്‍ ശ്യാമക്കുടുസ്സു മുറിക്കുള്ളില്‍
കിളികൂജനമല്ലു,ല്ലാസച്ചിരിയല്ല
താരാട്ടീരടിയുമല്ലല്ലോ കേള്‍വിപ്പുറങ്ങളില്‍..

മാതൃവാത്സല്യമടിത്തട്ടില്‍ നിന്ന്‌
തട്ടിപ്പറിച്ചെടുക്കപ്പെട്ടൊരു കുഞ്ഞ്‌ !
പൊലീസുകരന്റെ കൈക്കരു-
ത്തിലൊരു കുരുന്നു ഗദ്ഗദം പിടയുന്നു..
ഉയരു,ന്നമ്മതന്നാര്‍ത്ത നാദം
ഭര്‍ത്താവ്‌ നഷ്ടപ്പെട്ടവളുടെ വിലാപം..
വിധവയുടെ ദൈന്യരോദനം ..


കാണുന്നകലെയൊരഗ്നി ഗോളം
സര്‍വനാശ ദിനമാഗതമാകുന്നു
വാചികപൈശാചിക പരീക്ഷണങ്ങള്‍
ശാസ്ത്രോല്‍പ്പന്ന,ത്തുണയോടെ
അഗ്നിഗോളസ്ഫോടനത്തിനൊരുമ്പെടുന്നു

വിവേകത്തെക്കൊല്ലും ലഹരി ത,ന്നുന്മാദത്തില്‍
ഇന്ദ്രിയഭൃത്യരായ്ത്തീര്‍-
ന്നലസം ശയിക്കയാണെല്ലാരും
ചിന്താപരീക്ഷണങ്ങളൊടുങ്ങി
യുക്തി കൊലക്കത്തിക്കിരയായി

കണ്ണുകള്‍ക്കൊന്നിനേയും
രക്ഷിക്കാനാവുന്നില്ല
കരുത്തുകാട്ടാനും കഴിയുന്നില്ല
വിലാപങ്ങള്‍ മാത്രം ബാക്കിയാകുന്നു
എന്നിട്ടും ചുണ്ടത്തൊരു ചിരിയുമായ്‌
ഗിരിനിരകളേറെക്കടന്ന്‌
യാത്രികനെത്തുന്നു

അമൂല്യ-മനുപമം മാനവജന്മം
മൃത്യുവിന്‍ ശ്യാമ കരിമ്പടം വീഴും മുന്‍പായ്‌
ഇരുട്ടിലൊരു ചെരാത്‌ തെളിക്കട്ടേ
മുറിവുകളിലിത്തിരി തേനി,റ്റിക്കട്ടേ
അമരത്വത്തിന്‍ കുഞ്ഞുതൈ നടട്ടെ

കൃത്രിമച്ചിറകുകളിലേറി,ലോകമാകെ-
പ്പറന്നുല്ലസിച്ചവസാനം
ജനി-മൃതികളുടെ വിഭജന രേഖയിലെത്തേ
പ്രാതകാല വിശുദ്ധഗീതികള്‍ക്കൊപ്പം
വിശ്വസംഗീതവുമുയരുമപ്പോള്‍..

ഈ തടവറവാതില്‍ മലര്‍ക്കെത്തുറക്കുക
മുള്ളുകളുടെ ബന്ധനം നീക്കുക
പക്ഷിജന്മത്തെ പഴിക്കാതിരിക്കുക
മോചനമെന്റെ ജന്മാവകാശമാകുന്നു

Tuesday, August 16, 2011


മമ്മി എനിക്ക്‌ പാട്ട്‌ പാഠവും
ഡാന്‍സ്‌ പാഠവും പഠിപ്പിച്ച്‌ തരും,
അത്‌ പഠിക്കാഞ്ഞാല്‍
മമ്മി കരയും.
എന്തിനാണ്‌ മമ്മി കരയുന്നത്‌..?
ഞാന്‍ റിയാലിറ്റി ഷോയിലെ ഫ്ലാറ്റ്‌ സ്വന്തമാക്കണം,
സീരിയല്‍ നടിയാകണം;സിനിമാ താരമാകണം..
അതിനായി ഏത്‌ അഡ്ജസ്റ്റ്മെന്റിനും മമ്മി തയ്യാറാണ്‌..!
(കണ്ണാ,എത്ര അഡ്ജസ്റ്റ്‌ ചെയ്താലും
മമ്മിക്കൊരു കൊഴപ്പോമില്ല..!
എനിക്കാണെങ്കീ
ഒറക്കോം വരും;ഓക്കാനോം വരും
ബ്ലാ..ബ്ലാ..)
.........
ഇതാ ഡാഡിയും മകളും.
ഡാഡി സോഫയിലിരിക്കും
മകളെ മടിയിലിരുത്തും.
'കാസറ്റ്‌ ലീലകളി 'ല്‍ ട്യൂഷനേകി
"കുട്ടനീമത"* തന്ത്രങ്ങള്‍ പഠിപ്പിച്ച്‌
പണിക്കുറ തീര്‍ത്ത്‌
കൗമാര വാസവദത്തയാക്കി
സെറ്റുകളില്‍ നിന്ന്‌ സെറ്റുകളിലേയ്ക്ക്‌...
പിന്നെ
"പശ്ചിമഘട്ടങ്ങളെ കേറിയും
കടന്നും ചെന്നന്യമാം ദേശങ്ങളി "ലും.
സുഖ വിപണനം.
പിടിക്കപ്പെട്ടാല്‍
മറുകുകളെണ്ണിപ്പറഞ്ഞ്‌,
മണങ്ങള്‍ ഓര്‍ത്തെടുത്തോതി,
മൊബെയിലിലെ ഫോട്ടോകളില്‍ പരതി
നിഷ്ക്കളങ്കയായ്‌
മകള്‍ ഉത്തരാധുനിക താത്രിക്കുട്ടിയാകും.
( എടാ, നീ അയച്ച എംഎംഎസും
ഡാഡീടെ കാസറ്റുകളും കണ്ട്‌
ഇക്കിളി പെരുത്ത എന്നെ
നോവിക്കാതെ രസിപ്പിച്ചവരേം
പിന്നെ പോലിസ്‌ പറഞ്ഞവരേം ഞാന്‍ ചൂണ്ടിക്കാണിച്ചു..
ദോഷം കിട്ടുമോഡാ..?)
.........
"അകക്കണ്ണ്‌ തുറപ്പിക്കാന്‍
ആശാന്‍ ബാല്യത്തിലെത്തണമെ"ന്ന്‌ സുഭാഷിതം.
ബാല്യ-ശൈശവങ്ങളുടെ
ഇളം തുടകള്‍ക്കകം തുരന്ന്‌
ഗുരു തൃഷ്ണയുടെ നാരായമുനയാല്‍
ശ്യാമകാമത്തിന്റെ ഹരിശ്രീ,
രക്തരൂക്ഷിത സേകം;നിര്‍വാണം..!

മാതാ-പിതാ-ഗുരു
ദൈവമേ....!!
..............
ആങ്ങളമാരില്ലാത്ത
3Gപൊങ്ങച്ചപ്പെരുക്കത്തില്‍,
റാഡിക്കല്‍ ഫെമിനിസ്റ്റുകളുടെ
വാത്മീക മുറ്റത്ത്‌ ;
ചാനല്‍ ചര്‍ച്ചകളുടെ
സര്‍വാണി കൂടിയാകുമ്പോള്‍
കേരളമെന്ന പേര്‍ കേട്ടാല്‍
ത്രസിക്കും ബീജ സംഭരണികള്‍...

................................
*വേശ്യാവൃത്തിയെയും, ആ തൊഴിലിന്റെ വിജയരഹസ്യങ്ങളെപ്പറ്റിയും സംസ്കൃതത്തില്‍ രചിക്കപ്പെട്ട ശാസ്ത്രീയ ഗ്രന്ഥമാണ്‌ ?കുട്ടനീമതം?.കാശ്മീര്‍ രാജാവായിരുന്ന ജയാപീഢന്റെ (751-782 AD) മന്ത്രിമാരില്‍ ഒരാളായ ദാമോദരഗുപ്തനാണ്‌ കുട്ടനീമതത്തിന്റെ കര്‍ത്താവ്‌.എ ഡി 755-786 കാലഘട്ടത്തിലാണ്‌ ഈ കൃതി രചിക്കപ്പെട്ടത്‌ എന്നു കരുതുന്നു.കുട്ടനി എന്നാല്‍ സ്ത്രീപുരുഷ സമാഗമത്തിനുള്ള ഇടനിലക്കാരി (കൂട്ടിക്കൊടുപ്പുകാരി ) എന്നര്‍ത്ഥം. മാലതി എന്നൊരു വേശ്യക്ക്‌ വികരാള എന്നൊരു കുട്ടനി നല്‍കുന്ന ഉപദേശങ്ങളാണ്‌ 1089 പദ്യങ്ങളുള്ള കുട്ടനീമതത്തിന്റെ ഉള്ളടക്കം.


Friday, July 29, 2011


വ്യാഴത്തിന്റെ സ്ഥാനം

ഭാഗ്യാധിപനായ വ്യാഴം
പന്ത്രണ്ടിലും പിന്നെ ജന്മത്തിലും..."
കര്‍മ്മാധിപനായ വ്യാഴം
ലാഭസ്ഥാനമായ പതിനൊന്നിലും പിന്നെ
വ്യയസ്ഥാനമായ പന്ത്രണ്ടിലും..."
ഏഴാം ഭാവാധിപനായ വ്യാഴം
സ്വക്ഷേത്രത്തില്‍ ലാഭസ്ഥാനമായ
പത്തിലും പിന്നെ പതിനൊന്നിലും..."
ആറാം ഭാവാധിപനായ വ്യാഴം
ഭാഗ്യാധിപനായി ഒന്‍പതിലും
പിന്നെ കര്‍മ്മസ്ഥാനത്തും..."

ശനിയുടെ സ്ഥാനം

ലാഭാധിപനായ ശനി
ആറിലും കണ്ടകനായി പിന്നെ ഏഴിലും..."
കര്‍മാധിപനായ ശനി
അഞ്ചിലും തുടര്‍ന്ന്‌
ഉച്ചരാശിയായ ആറിലും..."
അഷ്ടമാധിപനായ ശനി
നാലിലും പിന്നെ
ഉച്ചരാശിയായ അഞ്ചിലും..."
ഭാഗ്യാധിപനായ ശനി
കണ്ടകനായി നാലിലും അഞ്ചിലും..."

രാഹു കേതുക്കളുടെ സ്ഥാനം

രാഹു അഷ്ടമത്തില്‍
കേതു രണ്ടില്‍..."
രാഹു ആറിലും
കേതു പന്ത്രണ്ടിലും..."

ഓര്‍മ്മകളുടെ സ്ഥാനം

പരമ്പരാഗത ഹൈടെക്‌
ഭാഗ്യ/ഭാവി പ്രവചനങ്ങളിങ്ങനെ
തമ്മിലെതിര്‍ത്തും, കുതറിയും ചീറിയും
ആറ്റുകാലായ്‌'..., എടപ്പാളായ്‌'
പരപ്പനങ്ങാടിയായ്‌... കാണിപ്പയ്യൂരായി...
വഞ്ചനച്ചിരി ചരിച്ചാര്‍ക്കുമ്പോള്‍:

കവടി നിരത്താതെ
കരള്‍ നീറിപ്പുകഞ്ഞു ഞാനറിയുന്നു
ഇല്ല, നമുക്കായിനിയൊരു
മേട സംക്രമം!
വിഷുവം, കണി, കൈനീട്ടം;
വിഷുപ്പക്ഷിപ്പാട്ട്‌...
തങ്കമണി കണിക്കൊന്നപ്പൂക്കള്‍...
കുളിര്‍തേകിത്തൂകും മേടത്തെന്നല്‍...
പ്രജ്ഞയില്‍ പൊന്നലുക്കാകും
പുഞ്ചിരിപ്പൂക്കള്‍...

പ്രാണനില്‍ പൊലിഞ്ഞുതിരു
മൊരു കൊഞ്ചല്‍രവം...!!
ഇല്ലിനി, പുനര്‍ജന്മം പുണ്യം പോലൊരു
തരളസാന്നിധ്യം; കരുതല്‍!
സമര്‍പ്പണം, സഹയാത്ര...
കുറുമ്പേറും കള്ളപ്പിണക്കം, പിന്നെ
ഊഷ്മളമൊരാശ്ലേഷം; നെറുകില്‍ പതിയും
ഹരിചന്ദനക്കുളുര്‍ ചുംബനം...!!!

ഹൃദയത്തോടു ചേര്‍ത്തു
പിടിച്ചൊരാര്‍ദ്രത തന്‍
ഇതളുകളെല്ലാം കൊഴിഞ്ഞേ പോയ്‌...
ഇറുങ്ങനെപ്പൂത്ത
കര്‍ണ്ണികാരക്കിനാവുകള്‍
കരിഞ്ഞേപോയ്‌...
തിരിച്ചറിവിന്റെ വിശുദ്ധയുറവകള്‍
വറ്റിവരണ്ടേ പോയ്‌...

ക്രൂരമാ ണേപ്രില്‍
പ്രിണയനാളിപൊട്ടി, ച്ചട്ടഹസിച്ചു
റഞ്ഞുതുള്ളും ചുവന്ന താടി...!
എന്നിട്ടും തളിര്‍ക്കുമോര്‍മ്മകള്‍
ശാപമോ... ശാന്തിയോ...?

ലഗ്നവശാല്‍ കേട്ടത്‌
ഉത്തരം മുട്ടിയ ഗ്രഹങ്ങളും ജ്യോതിഷശ്രേപുരും കവടിയിലേയ്ക്കും കംപ്യൂട്ടറിലേയ്ക്കും തലവലിച്ചപ്പോള്‍, ലഗ്നവശാല്‍ കേട്ടത്‌: കേരളത്തിലെ ജ്യോതിഷപണ്ഡിതന്മാരും വ്യാഴം, ശനി, രാഹുകേതുക്കളും ചേര്‍ന്ന്‌ പുതിയൊരു ഐ.പി.എല്‍ ടീം ഉണ്ടാക്കിയാല്‍ അടുത്ത സീസണില്‍ കസറാം, കാശുവാരാന്‍ കൂടുതല്‍ സെലിബ്രിറ്റികളാകാം...

Wednesday, June 29, 2011


നിമിഷാര്‍ദ്ധത്തിന്‌ മുന്നേ
ബാഷ്പമായ്‌-ത്തീരുന്ന
ആത്മാര്‍ത്ഥതയും അര്‍ത്ഥങ്ങളും നിറച്ച
വാക്കുകളുടെ ചഷകങ്ങള്‍ കൂട്ടിമുട്ടിച്ച്‌
സൗഹൃദങ്ങളെ
പാതിരാ-പ്പേക്കൂത്തുകളാക്കുന്ന
'പ്രാക്ടിക്കല്‍ വിസ്ഡ'ങ്ങളോട്‌-

എക്സ്റ്റേര്‍ണല്‍ ഔട്ട്ഫിറ്റ്‌,
ഓര്‍ണമെന്റ്സ്‌, പ്രസെന്റേഷന്‍
എല്ലാം ട്രെഡിഷണല്‍
ആന്റ്‌ എക്സ്ക്വിസിറ്റ്‌..!
ചാരിത്ര വിശുദ്ധി തെളിയിക്കാന്‍
തരം പോലെ മാറ്റുന്ന അടിവസ്ത്രങ്ങളും
ട്രെന്‍ഡി ആസ്‌വെല്‍ എക്സോട്ടിക്‌..!!

എന്നാലും
കാമപ്പിശാചുക്കളുടെ
കോമ്പല്ലില്‍ കോര്‍ക്കപ്പെടുന്ന,
ദൈവത്തിന്റെ സ്വന്തം നാട്ടിലെ
സ്ത്രൈണ ദൈന്യതകളെക്കുറിച്ച്‌ നിങ്ങള്‍
ചാനല്‍ ചര്‍ച്ചകള്‍ നടത്താതിരിക്കുക.....

പച്ചയായ പുല്‍പ്പുറങ്ങളും
സ്വസ്ഥതയുള്ള നീര്‍ച്ചാലുകളും
വെട്ടിപ്പിടിച്ച്‌, സ്വന്തമാക്കി പുളയ്ക്കുമ്പോള്‍
കുടിയിറക്കപ്പെടുന്നവന്റെ
കീറപ്പയയെക്കുറിച്ച്‌
കവിതയെഴുതാതിരിക്കുക....

മുട്ടിലിഴഞ്ഞും, നട്ടെല്ല്‌ വളച്ചും
ഇരകളുടെ 'സ്വത്വ രാഷ്ട്രീയം' കുരച്ചും
വേട്ടക്കരന്റെ വെപ്പാട്ടിമാര്‍ക്കൊപ്പം
ശയിക്കുമ്പോള്‍
തിരസ്കൃതന്റെ നിതാന്ത നൊമ്പരങ്ങളില്‍ നിന്ന്‌
തിസീസുകള്‍ വാറ്റിയെടുക്കാതിരിക്കുക...

പ്രായോഗികതയുടെ പ്രത്യയശാസ്ത്ര ഹുങ്കില്‍
അതിജീവനത്തിന്റെ മുന്തിരിത്തോപ്പുകളില്‍
ലജ്ജരഹിതം രാപാര്‍ക്കുമ്പോള്‍
കണ്ണീര്‍പ്പടങ്ങളില്‍ തൊണ്ടപൊട്ടിയൊടുങ്ങുന്ന
ഉഴവുമാടുകളുടെ മാംസത്തിന്‌ വിലപറയാതിരിക്കുക...

വിശുദ്ധ ദിനങ്ങളില്‍ പോലും
ലബനന്‍ താഴ്‌വാരങ്ങളില്‍ മുഴങ്ങുന്ന
വെടിയൊച്ച കേള്‍ക്കാന്‍
മനസ്സില്ലെങ്കില്‍, സുഹൃത്തെ
പ്രണയത്തിന്റെ
ഉദ്ധാരണ ശേഷി വര്‍ദ്ധിപ്പിക്കാന്‍
ഖലില്‍ ജിബ്രാനെ
' മുസ്ലിപവര്‍' ആക്കാതിരിക്കുക...